![]() |
മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് എസ്എല്‍ആര്‍ ക്യാമറ . അതേസമയം ഉപയോഗിക്കാന്‍ എളുപ്പവും കൊണ്ടു നടക്കാന്‍ സൗകര്യവുമുള്ള ക്യാമറ തേടുന്നവര്‍ക്കായാണ് കോംപാക്ട് പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയുടെ രൂപകല്‍പ്പന . എന്നാല്‍ ഇവ രണ്ടിന്റെയും ഗുണങ്ങള്‍ ചേര്‍ന്നതാണ് മിറര്‍ലെസ് ഇന്റര്‍ചേഞ്ചബിള്‍ ലെന്‍സ് ക്യാമറ. ഉയര്‍ന്ന വിലയാണ് ഇവയുടെ പ്രചാരത്തിന് പ്രധാനമായും വിലങ്ങുതടിയാകുന്നത്. എന്നാല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയക്കനുസരിച്ച് വില കുറയാനും എന്‍ട്രി ലെവല്‍ എസ്എല്‍ആറുകളെ പിന്തള്ളി മിറര്‍ലെസ് ക്യാമറകള്‍ വിപണി പിടിക്കാനും സാധ്യതയേറെയുണ്ട്. ഈ വിഭാഗത്തിലേക്ക് പുതുതായി എത്തിയത് സാംസങ്ങിന്റെ എന്‍എക്സ് 300 ആണ്.
മിറര്‍ലെസ് ക്യാമറ ശ്രേണിയില്‍ സാംസങ്ങിന്റെ മുന്‍ മോഡലായ എന്‍എക്സ് 1000 നെക്കാള്‍ ഏറെ മെച്ചപ്പെട്ടതാണ് എന്‍എക്സ് 300. സാധാരണ മിറര്‍ലെസ് ക്യാമറകളില്‍ വലുപ്പം കുറഞ്ഞ സെന്‍സര്‍ ഉപയോഗിക്കുന്ന പതിവുരീതി വിട്ട് എസ്എല്‍ആര്‍ ക്യാമറകളുടെതരം വലിയ സെന്‍സറാണിതിനു നല്‍കിയിരിക്കുന്നത്. 23.5 x 15.7 മില്ലിമീറ്ററാണ് 20.3 മെഗാപിക്സല്‍ സിമോസ് സെന്‍സറിന്റെ വലുപ്പം. അതിനാല്‍ ഇമേജ് ക്ലാരിറ്റിയുടെ കാര്യത്തില്‍ സംശയയിക്കാനില്ല. സൂഷ്മവും ഒപ്പം വേഗത്തിലുമുള്ള ഫോക്കസിങ് സാധ്യമാക്കാന്‍ ഹൈബ്രിഡ് ഓട്ടോഫോക്കസ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്.
എന്‍എക്സ് മൗണ്ടിലുള്ള ലെന്‍സിനെയാണ് ക്യാമറ പിന്തുണക്കുക. ടില്‍റ്റ് ചെയ്യാവുന്ന 3.3 ഇഞ്ച് അമൊലീഡ് ഡിസ്പ്ലേയുടെ റെസലൂഷന്‍ 800 x 480 പിക്സലാണ്. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കുന്നതും ഇത്തരം ഡിസ്പ്ലേ തന്നെ. ഫുള്‍ എച്ച്ഡി വീഡിയോ 60 ഫ്രെയിംസ് പെര്‍ സെക്കന്റ് നിരക്കില്‍ ചിത്രീകരിക്കാം.
160 മിനിറ്റ് വീഡിയോ റെക്കോഡിങ് അല്ലെങ്കില്‍ 320 ചിത്രങ്ങള്‍ പകര്‍ത്താന്‍ വരെ ബാക്കപ്പ് നല്‍കുന്നതാണ് 1,130 എംഎഎച്ച് ബാറ്ററി. ബില്‍റ്റ് ഇന്‍ വൈഫൈ കണക്ടിവിറ്റിയാണ് അടുത്ത സവിശേഷത. എടുത്ത ചിത്രങ്ങള്‍ ഇ മെയില്‍ , സോഷ്യല്‍ മീഡിയ സൈറ്റുകള്‍ എന്നിവയില്‍ ഷെയര്‍ ചെയ്യുന്നതിനു പുറമേ സ്മാര്‍ട്ട്ഫോണുമായും പങ്കു വയ്ക്കാം. റിമോട്ട് വ്യു ഫൈന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍ വഴി സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലേ ഒരു എക്സ്റ്റേണല്‍ വ്യൂഫൈന്‍ഡറായി ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കാം.
ബില്‍റ്റ് ഇന്‍ ഫ്ലാഷ് ഇല്ലെന്നതാണ് പ്രധാന പോരായ്മ. അതുപോലെ വ്യൂ ഫൈന്‍ഡറും ഇല്ല. എക്സ്റ്റേണല്‍ ഫ്ലാഷ്, സ്റ്റീരിയോ മൈക്ക്, ഫ്ലാഷ് റിമോട്ട്, ഇലക്ട്രോണിക് വ്യൂ ഫൈന്‍ഡര്‍ എന്നിവ ഘടിപ്പിക്കുവുന്ന എക്സ്റ്റേണല്‍ മള്‍ട്ടി ഇന്റര്‍ഫേസ് ഷൂ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മനോഹരമായ രൂപകല്‍പ്പനയുള്ള ക്യാമറയ്ക്ക് ഭാരവും കുറവാണ്, 284 ഗ്രാം മാത്രം. എസ്എല്‍ആര്‍ ക്യാമറകള്‍ക്ക് ഇതിന്റെ ഇരട്ടിയോളമുണ്ട് ഭാരം എന്നോര്‍ക്കണം. ഫൊട്ടോഗ്രഫിയില്‍ അവഗാഹം ഇല്ലാത്തവര്‍ക്കും അനായാസമായി എസ്എല്‍ആര്‍ ക്യാമറയുടെ നിലവാരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാംസങ് എന്‍എക്സ് 300 സഹായകമാകും. 18 - 55 എംഎം ലെന്‍സ് അടക്കം 48,900 രൂപയാണ് വില. 50 - 200 എംഎം ലെന്‍സ് കൂടി വേണമെന്നുണ്ടെങ്കില്‍ 58,900 രൂപ മുടക്കണം.



Post a Comment